നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ഥി

0

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം. ഹൈക്കമാന്റിന്റെ അനുമതിയോടെ ആര്യാടന്‍ ഷൗക്കത്തിന്റെ പേര് പ്രഖ്യാപിച്ചു.

പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃ യോഗത്തില്‍ തീരുമാനം. അന്‍വറിനെ സാഹചര്യം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എങ്കിലും അന്‍വറിന്റെ നീക്കം പാര്‍ട്ടി നീരീക്ഷിക്കുകയാണ്.

നേരത്തെ യു ഡി എഫ് ഏതു ചെകുത്താനെ നിര്‍ത്തിയാലും പിന്‍തുണക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പിന്നീട് ചുവടു മാറ്റിയിരുന്നു. ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അവസാന നിമിഷം വരെ അന്‍വര്‍ കരുനീക്കം നടത്തി. ഇതിനിടെ അന്‍വര്‍ തന്നെ മത്സര രംഗത്തിറങ്ങുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാല്‍ ഈ ഭീഷണിക്കൊന്നും വഴങ്ങേണ്ടെന്നാണ് നേതൃയോഗത്തിലെ തീരുമാനം. സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിനെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തോട് താല്‍പര്യമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണെന്നും ഇക്കാര്യം പരിഗണിക്കണമെന്നുമായിരുന്നു അന്‍വറിന്റെ ആവശ്യം. അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചപ്പോള്‍ യു ഡി എഫ് വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വര്‍ നിര്‍ദേശിച്ചിരുന്നു. ഷൗക്കത്തിന്റെ വഴിമുടക്കുക എന്നതായിരുന്നു അദ്യമേ അന്‍വറിന്റെ ലക്ഷ്യം.

യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണമെന്നും കോണ്‍ഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലമ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.