മെസ്സി വരുമെന്ന് വീണ്ടും കായികമന്ത്രി; ‘സ്പെയിനിൽ പോയത് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് കൂടി’

0

തിരുവനന്തപുരം: കേരളത്തിലേക്ക് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. അർജൻ്റീന ടീം വരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഒക്ടോബറിലോ നവംബറിലോ വരുമെന്നാണ് കേരള സർക്കാരിനെ അറിയിച്ചതെന്നും കായികമന്ത്രി പറഞ്ഞു. അതേസമയം സ്പെയിൻ യാത്ര നടത്തിയത് അർജന്റീന ഫുട്ബോൾ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ലെന്നും മന്ത്രി വിശദീകരിച്ചു.

അർജൻ്റീന ടീം വരില്ലെന്ന് പറഞ്ഞിട്ടില്ല. അർജൻ്റീന വരും, നവംബറിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ വരുമെന്നാണ് കേരള സർക്കാരിനെ അറിയിച്ചത്. വരില്ലെന്ന് അവർ പറഞ്ഞിട്ടില്ല. മുംബൈയിൽ മെസ്സി എത്തുന്നത് സ്വകാര്യ സന്ദർശനമാണ്. – വി. അബ്ദുറഹ്മാൻ പറഞ്ഞു.

ആദ്യത്തെ സ്പോൺസർ ആണ് വരുമെന്ന പ്രഖ്യാപനം കഴിഞ്ഞവർഷം ആദ്യം നടത്തിയത്. എന്നാൽ സ്പോൺസർ ഒഴിഞ്ഞപ്പോൾ ആശങ്കയുണ്ടായി. ഇപ്പോഴത്തെ സ്‌പോൺസറുമായി സംസാരിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ അറിയിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് മെസ്സി വരുന്നത് സ്വകാര്യ സന്ദർശനമാണെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

സ്പെയിനിൽ പോയത് അർജന്റീന ഫുട്ബോൾ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവു വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിക്കുകയുണ്ടായി