അരമനയില്‍ക്കയറി ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രശ്‌നപരിഹാരമാകുമോ? ബിഷപ്പുമാര്‍ക്കെതിരെ വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. ദീപികയില്‍ എഡിറ്റോറിയല്‍ എഴുതി അരമനയില്‍ക്കയറി ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്നും മന്ത്രി ചോദിച്ചു. എല്ലാ തിരുമേനിമാര്‍ക്കും അവരുടെ സ്ഥാനമുറപ്പിക്കലാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

‘അരമനയില്‍ ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോ. രാജ്യത്താകെ മുസ്ലിങ്ങളെ ക്രിസത്യാനികളെയും മറ്റുമതത്തില്‍പ്പെട്ടവരെയും പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയല്ലേ. പ്രധാനമന്ത്രിമാരോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലല്ലോ. സകലമാന നിയമങ്ങളും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളും കാറ്റില്‍പറത്തിക്കൊണ്ടാണല്ലോ ബജ്‌റംഗ്ദള്‍ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്’, വി ശിവന്‍കുട്ടി പറഞ്ഞു.

ഒരു തിരുമേനിമാരുടെയും പ്രതിഷേധം കണ്ടില്ല. അവരെല്ലാം സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചുമുന്നോട്ടുപോവുകയാണ്. ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെയെന്ന നിലയിലായിരിക്കും എടുത്തിട്ടുള്ളത്. അവരും വലിയ രീതിയില്‍ ഗൗരവമായി ആലോചിക്കേണ്ടതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.