
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന്‍ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.
നേരത്തെ 16 പാകിസ്താന്‍ യൂട്യൂബ് ചാനലും അഭിനേതാക്കളുടെ യൂട്യൂബ് ചാനലും വിലക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫിന്റെ ചാനലിനും വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദികളെ മിലിറ്റന്റുകള്‍ എന്ന് വിളിച്ച ബിബിസിയുടെ വാര്‍ത്തകളെയും വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്‍ആ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്താര്‍, ജിയോ ന്യൂസ്, സമാ സ്‌പോര്‍ട്‌സ്, പാകിസ്താന്‍ റഫറന്‍സ്, ജിഎന്‍എന്‍, ഉസൈര്‍ ക്രിക്കറ്റ്, ഉമര്‍ ചീമാ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫറൂഖ്, സുനോ ന്യൂസ്, റാസി നാമ, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ യൂട്യൂബ് ചാനലുകളാണ് ഇന്ത്യയില്‍ വിലക്കിയത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം വ്യക്തമായതായി എന്‍ഐഎ കണ്ടെത്തി. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.
ഭീകരര്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് സാറ്റ്‌ലൈറ്റ് ഫോണെങ്കിലും ആക്രമണ സമയത്ത് ഉപയോഗിച്ചുവെന്നും സാറ്റ്‌ലൈറ്റ് ഫോണുകളുടെ സിഗ്‌നല്‍ ലഭിച്ചെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ 150 പേര്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്.
ഭീകരരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും എന്‍ഐഎക്ക് ലഭിച്ചതായാണ് സൂചന. ഏപ്രില്‍ 15ന് ഭീകരര്‍ പെഹല്‍ഗാമില്‍ എത്തിയതിനും തെളിവുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനും 2024ലെ സോനമാര്‍ഗ് ടണല്‍ ആക്രമണത്തിനും ബന്ധമുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന് പിന്നിലുള്ള ഹാഷിം മൂസയും അലി ഭായിയും പാകിസ്താന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാമിലെ ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് ഭീകരവാദികള്‍ ഇന്ത്യയിലേക്കെത്തിയത്. ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരുടെ പിന്തുണ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.