നാളെ എല്ലാ ജില്ലകളിലും തീവ്ര മഴ

0

കോഴിക്കോട്: കാലവര്‍ഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്ര മഴ തുടരും. ഇതിനാല്‍ 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും അടിച്ചുവീശുമെന്ന്‌ മുന്നറിയിപ്പുണ്ട്.

രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മാത്രം സംസ്ഥാനത്ത് പത്ത് പേര്‍ മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി മരിച്ചു. കോട്ടയം പാറയ്ക്കല്‍ കടവില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ട് പേരും കാസര്‍കോടും കൊച്ചിയിലും കോട്ടയത്തും ആലപ്പുഴയിലും വെള്ളത്തില്‍ വീണ് നാല് പേരും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാളും മലപ്പുറത്ത് പുഴയില്‍ വീണ് ഒരാളും മരിച്ചവരില്‍പ്പെടുന്നു.

വെള്ളത്തില്‍ വീണും ഒറ്റപ്പെട്ടും ആറ് പേരെ കാണാതായി. കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 32 പേരാണ്.