ഇന്ധനക്ഷാമവും ആക്രമണവും അതിരൂക്ഷം; ഗസ്സയിലെ ആശുപത്രികള്‍ പൂര്‍ണമായും നിലച്ചേക്കും

0

ഗസ്സ: ഇസ്‌റാഈലിന്റെ കടുത്ത ഉപരോധത്തില്‍ ഞെരിഞ്ഞമരുന്ന ഗസ്സയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലക്കുന്നു. ഇന്ധനം ലഭിക്കാതായതോടെ മിക്ക ആരോഗ്യ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ആശുപത്രികള്‍ക്ക് നേരെയും നിരന്തരം ഇസ്‌റാഈല്‍ ആക്രമണം തുടരുന്നത് ആരോഗ്യ സംവിധാനങ്ങളെ തരിപ്പണമാക്കുകയാണ്. ഇസ്രാഈല്‍ ബോംബാക്രമണവും ഉപരോധവും മൂലം ഗസ്സയിലെ ആശുപത്രികള്‍ക്ക് അടിയന്തര സംരക്ഷണം ആവശ്യമാണെന്ന് റെഡ്‌ക്രോസ് സൊസൈറ്റി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഭക്ഷ്യ സഹായ വിതരണ കേന്ദ്രങ്ങളിലുള്‍പ്പെടെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. പരുക്കേല്‍ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ സംവിധാനങ്ങള്‍ കുറഞ്ഞതോടെ പലരും ചികിത്സ കിട്ടാതെ പിന്നീട് മരണത്തിലേക്ക് വീഴുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സഹായം വാങ്ങാനെത്തുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ സേനയുടെ വെടിവെപ്പ് തുടരുന്നതിനാല്‍ പെരുന്നാള്‍ തലേന്ന് മുതല്‍ സഹായ വിതരണം പൂര്‍ണമായി നിര്‍ത്തി.

താത്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്രാഈലും അമേരിക്കയും മേയ് 27ന് ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എച്ച് എഫ്) നടത്തുന്ന സഹായ കേന്ദ്രത്തില്‍ സേന നടത്തിയ വെടിവെപ്പില്‍ 125 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. യു എന്‍ നടത്തുന്ന സഹായ കേന്ദ്രങ്ങളെല്ലാം നേരത്തേ തന്നെ ഇസ്‌റാഈല്‍ അടപ്പിച്ചിരുന്നു. ഭക്ഷണ വിതരണം നടക്കുന്നുവെന്ന് കരുതി സഹായ കേന്ദ്രങ്ങളിലേക്ക് വരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള പട്ടിണിപ്പാവങ്ങളെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌റാഈല്‍ സേന നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊന്നു.

പട്ടിണി മൂലമുള്ള മരണനിരക്കും വര്‍ധിച്ചുവരുന്നതിനാല്‍ ആരോഗ്യ സംരക്ഷണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റെഡ്‌ക്രേ്ാസ്സ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രാഈല്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗസ്സയിലെ ആശുപത്രികളില്‍ അവശേഷിക്കുന്ന ചുരുക്കം മെഡിക്കല്‍ സൗകര്യങ്ങളും അപകടത്തിലാകുമെന്ന് റെഡ് ക്രോസ് ആശങ്ക പ്രകടിപ്പിച്ചു. ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികള്‍ക്ക് മേല്‍ ഇസ്രാഈല്‍ ആക്രമണം നടത്തുന്നുണ്ട്. ഇത് ചികിത്സയിലുള്ള രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇത് വലിയ വെല്ലുവിളിയാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം സംഘടന ആവശ്യപ്പെട്ടു.