ചിങ്ങം 1: കേരള കർഷക ദിനം; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

0

ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. മലയാളികൾക്ക് പുതുവർഷാരംഭമാണ് ചിങ്ങം ഒന്ന്. മാത്രമല്ല ഇന്ന് കർഷകദിനംകൂടിയാണ്‌. എന്നാൽ, ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.

ദാരിദ്ര്യത്തിന്റെയും കർക്കടകവും പെരുമഴയും പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവർഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. മാത്രമല്ല ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങുകയാണ് ഇനി ഒരോ മലയാളികളും.

കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്റെ ജന്മദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.

എഡി 825–ലാണു കൊല്ലവർഷത്തിന് തുടക്കമായത്. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷം എഡി 825 ജൂലൈ 25 ചൊവ്വാഴ്ച ആരംഭിച്ചതായി ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണു കൊല്ലവർഷത്തിനു തുടക്കമിട്ടതെന്നും ശങ്കരാചാര്യർ തുടങ്ങിവച്ചതാണെന്നും സപ്‌തർഷി വർഷത്തിന്റെ വകഭേദമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മറ്റു വാദങ്ങളുമുണ്ട്.

1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെ ഇംഗ്ലിഷ് വർഷത്തിലേക്കു മാറി.