റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

0

സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു.

നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന – ജില്ലാ തല റാഗിങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വ്വചിക്കണമെന്നും
ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒറ്റപ്പാലം സ്വകാര്യ ഐ ടി ഐയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മൂക്കിന്റെ എല്ല് പൊട്ടുകയും തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വായിച്ചത്.
കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിംഗ് കോളജില്‍ പഠിക്കുന്ന ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൃഗീയ പീഡനത്തിനിരയാക്കിയ സംഭവം, പൂക്കോട് വെറ്ററിനറി കോളജില്‍ നടന്ന ആത്മഹത്യ, തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ എന്നിവയെല്ലാം ഈയടുത്ത് നടന്ന പ്രധാന റാഗിങുകളാണ്. ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകുന്ന റാഗിങ് സംഭവങ്ങള്‍ തുടര്‍ക്കഥകളായി ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവരികയാണ്.

അതേസമയം, 1998ലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റാഗിങ് നിരോധന നിയമം പാസ്സാക്കുന്നത്. 2001ല്‍ റാഗിങ് നിരോധിച്ച് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009ല്‍ റാഗിങ് തടയുന്നതിനായി യു ജി സി ചട്ടങ്ങളും നിലവില്‍വന്നു. റാഗിങ് എന്ന സാമൂഹിക വിപത്തിനെതിരെ കേരള നിയമസഭയില്‍ 1998ല്‍ നിയമം പാസ്സാക്കി.

1997 ഒക്ടോബര്‍ 23 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തില്‍ ഒമ്പത് വകുപ്പുകള്‍ മാത്രമേ ഉള്ളൂവെങ്കിലും അതില്‍ വളരെ ശക്തമായ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. ഇതേത്തുടർന്ന്, കലാലയങ്ങളില്‍ ആന്റി റാഗിങ് സ്‌ക്വാഡും ആന്റി റാഗിംഗ് കമ്മിറ്റിയും പ്രവര്‍ത്തിക്കണമെന്നും ചട്ടങ്ങള്‍ വന്നു. ഇതടിസ്ഥാനത്തില്‍ വിദ്യാര്‍ഥി, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് റാഗിങ് സംബന്ധമായി സ്ഥാപനത്തിന്റെ മേധാവിക്ക് പരാതി നല്‍കാം. പരാതി ലഭിച്ചു കഴിഞ്ഞാല്‍, ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തണമെന്നാണ് ചട്ടം. പരാതി ശരിയാണെന്ന് ബോധ്യമായാല്‍, കുറ്റാരോപിതനായ വിദ്യാര്‍ഥിയെ ക്യാമ്പസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതി പൊലീസിന് കൈമാറണമെന്നും പരാതി തെറ്റാണെന്ന് കണ്ടെത്തിയാല്‍, പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്നും ഈ നിയമത്തിന്റെ വകുപ്പ് ആറില്‍ പറയുന്നുണ്ട്.

നിലവിലെ നിയമപ്രകാരം ഒരു വിദ്യാര്‍ഥി റാഗിങ് നടത്തിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും അടയ്ക്കണം. കൂടാതെ, സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ അനുമതിയുമുണ്ടായിരിക്കില്ല.