അമേരിക്കയിലെ മിനിയാപോളിസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഇരുപതിലേറെ പേര്‍ക്ക് പരുക്ക്

0

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അനൗണ്‍സിയേഷന്‍ ചര്‍ച്ച് സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ ആള്‍ കൊല്ലപ്പെട്ടുവെന്ന് മിനിയാപൊളിസ് പൊലീസ് അറിയിച്ചു.

ഭയാനകമായ വെടിവയ്പ്പാണ് ഉണ്ടായതെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേര് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മിനിയാപൊളിസിലെ സ്‌കൂളില്‍ വെടിവയ്പ്പുണ്ടാകുന്നത്.

ആക്രമണത്തിന് ശേഷം സ്വയം വെടിവച്ചാണ് അക്രമി മരിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്രമി തനിച്ചായിരുന്നുവെന്നും മറ്റ് ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസിന്റെ കര്‍ശന നിരീക്ഷണമാണുള്ളത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വൈറ്റ് ഹൗസിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.