‘ലോകത്തെവിടെ ചെന്നാലും ഇന്ത്യന്‍ ഭക്ഷണം വേണം’; രാംചരണിന്റെ ഇഷ്ടഭക്ഷണം വെളിപ്പെടുത്തി ഉപാസന

0

‘ലോകത്തെവിടെ ചെന്നാലും ഇന്ത്യന്‍ ഭക്ഷണം വേണം’; രാംചരണിന്റെ ഇഷ്ടഭക്ഷണം വെളിപ്പെടുത്തി ഉപാസന

നടന്‍ രാംചരണിന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയും സംരംഭകയുമായ ഉപാസനാ കമിനേനി. രസം റൈസും ഓംലെറ്റുമാണ് നടന്റെ ഇഷ്ടഭക്ഷണമെന്നും ഇടയ്‌ക്കെല്ലാം അത് ബ്ലെന്‍ഡറിലിട്ട് അടിച്ച് സൂപ്പ് പോലെ കഴിക്കാറുണ്ടെന്നും ഉപാസന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രസം, ചൂടുള്ള ചോറ്, ഒരു ഓംലെറ്റ് എന്നിവ കിട്ടിയാല്‍ അദ്ദേഹം സ്വര്‍ഗത്തിലെത്തിയതുപോലെയാണ്. അദ്ദേഹം എവിടെ ചെന്നാലും ഈ ഭക്ഷണമുണ്ടാകും’, ഉപാസന പറഞ്ഞു. രാംചരണ്‍ എവിടെയായിരുന്നാലും അദ്ദേഹത്തിന് കഴിക്കാന്‍ ഇന്ത്യന്‍ ഭക്ഷണം വേണമെന്നുള്ളത് നിര്‍ബന്ധമാണെന്നും ഉപാസന പറഞ്ഞു.

‘ഞങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളില്‍ പോകുമായിരുന്നു. അവിടെനിന്ന് തിരികെ വന്നിട്ട് അദ്ദേഹം പറയും, ‘ഇനി എനിക്ക് ഇന്ത്യന്‍ ഭക്ഷണം വേണം.’ അപ്പോള്‍ ഞാന്‍ പറയും, ‘രാത്രി 11.30 ആയി. ഈ സമയത്ത് നമ്മള്‍ എവിടെപ്പോയി ഇന്ത്യന്‍ ഭക്ഷണം കണ്ടെത്തും?’ അങ്ങനെ ഞങ്ങള്‍ പല രാജ്യങ്ങളിലും ഇന്ത്യന്‍ ഭക്ഷണത്തിനായി അലയുമായിരുന്നു.’, ഉപാസന കൂട്ടിച്ചേര്‍ത്തു.

ഒന്നുകില്‍ പ്രഭാതഭക്ഷണം അല്ലെങ്കില്‍ അത്താഴം, അദ്ദേഹത്തിന്റെ ഒരു നേരത്തെയെങ്കിലും ഭക്ഷണം ദക്ഷിണേന്ത്യന്‍ വിഭവങ്ങളായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും രാം ചരണിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സംസാരിക്കവെ ഉപാസന വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിന് അദ്ദേഹം മറ്റ് വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറായേക്കാം. അദ്ദേഹത്തിന് സംതൃപ്തി തോന്നണമെങ്കില്‍ ഭക്ഷണം വീട്ടില്‍ പാകം ചെയ്തതായിരിക്കണം. ഷൂട്ടിങിന്റെ സമയത്തും അങ്ങനെതന്നെ. അച്ഛനായ ചിരഞ്ജീവിയില്‍ നിന്നും പകര്‍ത്തിയതാണ് ഈ ശീലമെന്നും ഉപാസന പറഞ്ഞു.

‘എന്റെ ഭര്‍തൃമാതാവ് എന്റെ ഭര്‍തൃപിതാവിനുവേണ്ടി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. അവര്‍ പ്രീ-മിക്‌സുകള്‍ ഉണ്ടാക്കി ഷൂട്ടിങ് സ്ഥലത്തേക്ക് കൊടുത്തയക്കും. അതില്‍ വെള്ളം ചേര്‍ത്താല്‍ ഉപ്പുമാവ്, പൊങ്കല്‍, രസം തുടങ്ങിയവ എളുപ്പത്തില്‍ ഉണ്ടാക്കാം’, ഉപാസന വിശദീകരിച്ചു.

‘അത്തമ്മാസ് കിച്ചന്‍’ എന്ന തന്റെ റെഡി-ടു-ഈറ്റ് ഫുഡ് ബ്രാന്‍ഡ് തുടങ്ങാന്‍ ഇത് പ്രചോദനമായിട്ടുണ്ടെന്നും ഉപാസന വ്യക്തമാക്കി.